Thursday, May 29, 2008

ഒരിക്കല്‍ക്കൂടി പന്നല്‍മലയിലേക്ക്...........

നീലഗിരി എനിക്ക് അന്യയല്ല.1987-ല്‍ ഗുരു (നിത്യ ചൈതന്യ യതി) വിന്റെ ക്ഷണമനുസരിച്ച് ആദ്യ യാത്ര. പിന്നെ ഒന്നര വര്‍ഷത്തോളം മഞ്ഞനിക്കര ഗ്രാമത്തിലെ പന്നല്‍മല(ഫേണ്‍ഹില്‍)യിലെ ആശ്രമത്തില്‍.

“മോളേ, മഴയത്തു മരച്ചുവട്ടില്‍ നില്‍ക്കുന്നതു പോലെയാണ് എന്റെ കൂടെ നില്‍ക്കുന്നത് ”. ഗുരു ഒരിക്കല്‍ പറഞ്ഞു.

നാട്, വീട്, മാതാപിതാക്കള്‍,ജോലി ... എല്ലാമോര്‍ത്ത് ഞാനും മലയിറങ്ങി. അദ്ധ്യാപിക, പത്രപ്രവര്‍ത്തക. ഉപജീവനത്തിനു പല വേഷങ്ങള്‍. എങ്കിലും വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഊട്ടിയിലേക്ക് പോവുക പതിവായിരുന്നു.

ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും മറ്റ് കാഴ്ചകളുമല്ല എന്നെ ആകര്‍ഷിച്ചിരുന്നത്. ഗുരുകുലത്തിലെ തികച്ചും വ്യത്യസ്തമായ ജീവിതം. അറിവിന്റെ നിറകുടമായ ഗുരുവിന്റെ സാമീപ്യം. രാവിലെ ഗുരുവിനോടൊത്തുള്ള  നടത്തം അവിസ്മരണീയമായിരുന്നു. ഓരോ പ്രഭാത സവാരിയും ഒന്നിലധികം പുസ്തകങ്ങള്‍ വായിച്ച പ്രതീതി ഉളവാക്കിയിരുന്നു.

ഏറ്റവും ഒടുവില്‍ ഊട്ടിയിൽ പോയത് ഗുരു എന്നേക്കുമായി യാത്ര പറഞ്ഞപ്പോഴാണ്.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍ മൂന്നു പേരും(ഞാനും ഭര്‍ത്താവും മകനും) ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഒപ്പം കുടുംബ സുഹൃത്തായ ഡോ.അനീനും  ഭാര്യ ദീപയും  കുട്ടികളും, ഞങ്ങളുടെ ഒരു ബന്ധുവും അദ്ധ്യാപികയുമായ നീതയും.

ചന്നം പിന്നം മഴയുമായാണ് നീലഗിരി ഞങ്ങളെ സ്വാഗതം ചെയ്തത്. തണുത്തു വിറയ്ക്കുന്ന നട്ടുച്ച. പാലക്കാട്ടുകാരുടെ ഒന്നാം തരം ഉച്ചഭക്ഷണം. ഹോട്ടലില്‍ നല്ല ഊണു കിട്ടിയതിന്റെ ആഹ്ലാദം മറ്റ് എല്ലവരും പങ്കിടുമ്പോഴും ,മുൻകൂട്ടി പറഞ്ഞിരുന്നെങ്കില്‍ ഗുരുകുലത്തില്‍ കിട്ടുമായിരുന്ന ഉച്ചയൂണ് നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ഞാന്‍.

ഊട്ടിപ്പട്ടണം കുറച്ചു മാറിപ്പോയോ? പന്നല്‍ മലയിലേക്കുള്ള വഴിയിലാണ് ഏറെ മാറ്റങ്ങള്‍. ഫേണ്‍ഹില്‍ പാലസ് കഴിഞ്ഞപ്പോള്‍ ആകെ മാറ്റം. ഒന്നു രണ്ടിടത്തു വണ്ടി നിര്‍ത്തി നാരായണ ഗുരുകുലം ചോദിക്കേണ്ടി വന്നു. പുതിയ റിസോര്‍ട്ടുകളും മറ്റും ധാരാളമായി വന്നിരിക്കുന്നു.

ഇപ്പോള്‍ ഗുരുകുലത്തിന്റെ അധിപന്‍ ഡോ.തമ്പാന്‍ ആണ്. അദ്ദേഹം ഇപ്പോള്‍ തന്മയ സ്വാമിയാണ്. എം.ബി.ബി.എസ്, ഉപരിവിദ്യാഭ്യാസം, ഗവേഷണം, എല്ലാം കഴിഞ്ഞാണ് ഭാരതീയ ദര്‍ശനവും മനശാസ്ത്രവുമൊക്കെ അദ്ദേഹം ഹൃദിസ്ഥമാക്കിയത്. കാൽ നൂറ്റാണ്ട് മുന്‍പ് ആദ്യമായി കാണുമ്പോള്‍ത്തന്നെ നല്ലൊരു പണ്ഡിതനായിരുന്നു ഡോ.തമ്പാന്‍.

ഞാന്‍ തന്മയ സ്വാമിയെ ഫോണില്‍ വിളിച്ചു. “ഇവിടെ അടുത്ത് ഒരു മലയാളിയുടെ കോട്ടേജുണ്ട്.എല്ലാവര്‍ക്കും താമസിക്കാം. ഫ്രെഷ് ആയി വന്നാട്ടെ. ഞാന്‍ നിങ്ങളുടെ കാര്യം പറഞ്ഞിട്ടുണ്ട്.”സ്വാമിയുടെ സൌമ്യമായ മറുപടി. അങ്ങനെ ഒടുവില്‍ ഞാന്‍ ഗുരു നിത്യയില്ലാത്ത ഗുരുകുലത്തിലെത്തി.

നല്ല വേലിക്കെട്ടുകള്‍ നല്ല അയല്‍ക്കാരെ സൃഷ്ടിക്കും(Good fences make good neighbours) എന്നു പാടിയ ആംഗലകവി റോബര്‍ട്ട് ഫ്രോസ്റ്റ് (Robert Frost)ഗുരുവിനു ഇഷ്ടപ്പെട്ട കവികളില്‍ ഒരാളായിരുന്നു. നാരായണ ഗുരുകുലത്തില്‍ ഇനിയും മതിലോ വേലിക്കെട്ടോ ആയിട്ടില്ല. ഒരു വശത്തു തട്ടു തട്ടായുള്ള കൃഷിയിടങ്ങള്‍. ക്യാരറ്റും,ക്യാബേജും,കോളിഫ്ലവറും, ഉരുളക്കിഴങ്ങും എല്ലാം തഴച്ചു വളര്‍ന്നിരിക്കുന്നു.

ഗുരുകുലാംഗങ്ങളുടേയും സന്ദര്‍ശകരുടേയും വിയര്‍പ്പിന്റെ ഫലം അകത്ത്, മുറ്റത്തിനു താഴെ വിശാലമായ അടുക്കള.
വലതുവശത്തു പ്രാര്‍ത്ഥനാമുറിയും വായനശാലയും കിടപ്പുമുറികളും. ഗുരു നിത്യയുടെ കിടപ്പു മുറിയും ചെറിയ അടുക്കളയും സൂര്യോദയതിനു മുന്നേ എഴുത്തു തുടങ്ങുന്ന ഗുരു ഏറ്റവുമധികം സമയം തങ്ങിയിരുന്ന വായനാമുറിയും അടഞ്ഞു കിടക്കുന്നു. കിഴക്കു ഭാഗത്തു ചില്ലു ഭിത്തികളാനുള്ളത്.പുറത്തുള്ള ഷട്ടര്‍ തുറന്നാല്‍ സൂര്യോദയം... പിന്നെ, മലകളും മേഘങ്ങളും കാട്ടിത്തരുന്ന ജാലവിദ്യകള്‍, എല്ലാം ഗുരു ആസ്വദിച്ചിരുന്നതിവിടിരുന്നാണ്. വര്‍ഷങ്ങളോളം ഒരു കൊച്ചു കുട്ടിയെപ്പോലെ തനിക്കു വരുന്ന നൂറിലധികം കത്തുകളും ഒറ്റയിരിപ്പിനു വായിച്ചും മറുപടിയെഴുതിയും ചിലവഴിച്ചതിവിടെയാണ്.

ഗുരുദേവ കൃതികള്‍ക്ക് വ്യാഖ്യാനം കൊടുക്കാനും ബൈബിളിനും ഗീതക്കും ഖുറാനും യതിസ്പര്‍ശമുള്ള ഭാഷ്യങ്ങള്‍ ചമയ്ക്കാനും ഗുരു ഇടം കണ്ടെത്തിയ മുറി. വിശ്വസാഹിത്ത്യത്തിലെ എല്ലാവരുടേയും രചനകള്‍ ഭിത്തികളിലെ ചില്ലലമാരകളില്‍ വിശ്രമിക്കുന്നു. ഏകലോക സങ്കല്‍പ്പത്തിന്റെയും, വിശ്വസാഹോദര്യത്തിന്റെയും, സ്നേഹസംവാദത്തിന്റെയും, വക്താവായിരുന്ന ഗുരു നിത്യയുടെ സാമീപ്യം കൊതിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍‌വരമ്പുകള്‍ ലംഘിച്ച് എത്രയോപേരാണ് ഈ ചെറിയ വലിയ മുറി കയറിയിറങ്ങിയത്.

എന്റെ സഹയാത്രികരോട് ഗുരുവിനെക്കുറിച്ച് വാചാലയാകുകയായിരുന്നു ഞാന്‍.തന്മയ സ്വാമിയെ  കാണണം. എല്ലാവരുടേയും രസച്ചരടു മുറിച്ചുകൊണ്ട് ഞാന്‍ തന്നെ അവരെ അടുക്കളയിലേക്ക് നയിച്ചു. പുറത്തു നല്ല മഞ്ഞുണ്ട്, അസഹനീയമായ കാറ്റും. രണ്ടു വയസ്സുകാരന്‍ ആര്യനും അഞ്ചുവയസ്സുകാരി അനന്യയും സ്വെറ്ററിലൊളിച്ചു. വലിയ വാതില്‍ തുറന്ന് അടുക്കളയിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം. തണുപ്പിനു വിട.

അടുക്കളയില്‍ത്തന്നെയാണു വിശാലമായ ഊണുമുറിയും. സമയം ആറര. സന്ധ്യാ വന്ദനത്തിനു മുന്‍പേ അത്താഴം തയ്യാറാക്കാന്‍ മുന്‍പന്തിയില്‍ തന്മയ സ്വാമി തന്നെ. ബാംഗ്ലൂര്‍ സ്വദേശിനിയായ ഒരു സംഗീതജ്ഞ, ഏഴു വര്‍ഷമായി മൌന വ്രതമടുക്കുന്ന
യുവ സന്യാസി, മദ്രാസ് കൃസ്ത്യന്‍ കോളേജിലെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളിക്കാരന്‍, ഒരു എഞ്ചിനീയറും രണ്ടു ബിസിനസ്സുകാരുമുള്‍പ്പെടെ ആറേഴുപേര്‍ ഈ സാമൂഹ്യ അടുക്കളയില്‍ പാചകത്തിനുണ്ട്. പരസ്പരം മുന്‍പരിചയമില്ലാത്തവര്‍ പോലും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഒരടുക്കളയില്‍ ജോലി ചെയ്യുന്നത് കണ്ട് ഞങ്ങളുടെ കൂടെ വന്നവര്‍ അത്ഭുതപ്പെട്ടു.

“മോനേ, ബ്രഹ്മദര്‍ശാ, നീ ആളാകെ മാറിപ്പോയല്ലോ!” ഞങ്ങളുടെ മകനെ നോക്കി സ്വാമി..

അവനു പേരിട്ടതു ഗുരു.  ഇവിടെ വച്ച് ഗുരു തന്നെയാണ് അവനെ എഴുത്തിനിരുത്തിയതും.“അയാളിപ്പോള്‍ പത്തിലേക്കു ജയിച്ചു തമ്പാനണ്ണാ” ഞാന്‍ പറഞ്ഞു. സംസാരത്തിനിടെ ഞങ്ങള്‍ക്ക് കഞ്ഞിയും അച്ചാറും പയറു തോരനും വിളമ്പി. തണുപ്പും വിശപ്പും ഞങ്ങളുടെ കഞ്ഞി കുടിയെ അത്യാസ്വാദ്യകരമാക്കി.

വീണ്ടും എല്ലാവരും ഹാളിലെത്തി. സന്ധ്യാ വന്ദനത്തിനു സമയമായി.“കുട്ടികളുള്ളതിനാല്‍ എപ്പൊ വേണമെങ്കിലും
പോകാം ഈശ്വര നിന്ദയാവില്ല.”

ഹിന്ദു,മുസ്ലീം,ക്രൈസ്തവ ഗീതങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിലെ ആ അമ്മയുടെ സംഗീതാലാപനം. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.തണുപ്പും ചാറ്റല്‍ മഴയും.കോട്ടേജിലെത്തി അവരവരുടെ മുറികളില്‍ കയറിക്കൂടുമ്പോള്‍ പുറത്തു മഴ തകര്‍ക്കാന്‍ തുടങ്ങി.

ഞങ്ങളുടെ വാഹനം പിറ്റേന്നു കാലത്തു തന്നെ നാരായണ ഗുരുകുലത്തിലെത്തി. പുട്ടും കടലയും ചായയുമൊക്കെ കഴിച്ച് ഞങ്ങള്‍ ഇന്നലെ പോകാനും കാണാനും പറ്റാത്ത ഗുരുസമാധിയിലെത്തി. ഗുരുകുലത്തിലെ ഉയര്‍ന്ന പ്രദേശമാണത്. പണ്ടിവിടെ ഒന്നുരണ്ട് ചെറിയ പാര്‍പ്പിടങ്ങളും ഒരു ഓപ്പണെയര്‍ പഠിപ്പിടവും ഉണ്ടായിരുന്നു. ഇപ്പൊ ആകെ മാറി. ഗുരു നിത്യ, നിത്യനിദ്ര ചെയ്യുന്നിടം. കുറച്ച് അകലെ അതിമനോഹരമായ ഒരു മന്ദിരവും. മെഡിറ്റേഷന്‍ ഹാളാണത്.

ശാന്തത മാത്രം...
ഞങ്ങള്‍ ഒത്തിരി നേരം ആ ശാന്തതയിലിരുന്നു...
ഗുരുവിന്റെ ഓര്‍മ്മകള്‍ എന്നെ വികാരാധീനയാക്കി. എന്റെ കണ്ണുകൾ ഈറനണിഞ്ഞു...

കുട്ടിക്കാലത്ത് ഏതോ ബാല പ്രസിദ്ധീകരണത്തില്‍ വായിച്ച കഥയിലൂടെ അറിഞ്ഞ യതി, എം എ .ക്കു പടിക്കുമ്പോള്‍ , കലാകൌമുദി വാരികയിലെ ‘യാത്ര‘ വായിച്ചു വീണ്ടും മനസ്സിലെത്തിയത്, കോട്ടയത്തു വച്ചു നേരില്‍ കണ്ടത്, എനിക്കും കൂട്ടുകാര്‍ക്കും കൌമുദി വിശ്വംഭരന്റെ വീട്ടില്‍ വെച്ച് അമേരിക്കന്‍ ഇംഗ്ലീഷ് കവികളെക്കുറിച്ച് ക്ലാസ്സെടുത്തു തന്നത്, എന്റെ വീട്ടില്‍ ഗുരു വന്നത്, കത്തുകളിലൂടെ സംവദിച്ചു തുടങ്ങിയത്, അച്ഛനോടൊത്ത് ആദ്യം ഇവിടെ വന്നത്,കുറച്ചുകാലം ഇവിടെ കഴിയാനായത്,അച്ഛനും അമ്മയും വഴികാട്ടിയുമായ ഗുരു ഞങ്ങള്‍ക്ക് വാത്സല്യം ചൊരിഞ്ഞത് ,വിവാഹസമ്മാനമായി ‘ഇമ്പം ദാമ്പത്യത്തില്‍’ എന്ന ഗുരുവിന്റെ ചെറിയ പുസ്തകം അയച്ചു തന്നത്, ഇടയ്ക്കിടക്ക് ഞങ്ങള്‍ രണ്ടു പേരും മകനുണ്ടായ ശേഷം മൂന്നു പേരും ഗുരുവിനെക്കാണാനെത്തുന്നതും...എല്ലാം...........

മെഡിറ്റേഷന്‍ ഹാളിനടുത്തു വിശാലമായ ലൈബ്രറി. നിറയെ പുസ്തകങ്ങള്‍. ഒന്നുരണ്ടു കിടപ്പു മുറികളും. ഒരാള്‍ മുറിയില്‍ നിന്നിറങ്ങി വന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച ആ താടിക്കാരന്‍.. വിനോദ് ഭയ്യാ..

“ഭയ്യാ, ഓര്‍മ്മയുണ്ടോ?“ ഞാന്‍ ചോദിച്ചു.
“ളതികാ.. വരും നതു അറിഞ്ഞു,മന്സിലായി.“

ഭയ്യാ ചിരിച്ചു. എല്ലാവരേയും പരിചയപ്പെട്ടു..

ഞങ്ങള്‍ യാത്ര പറയാന്‍ ചെല്ലുമ്പോള്‍ ഡോ.തമ്പാന്‍ പറഞ്ഞു “പുതിയ പുസ്തകങ്ങള്‍ വേണ്ടതെടുക്കണേ..”
ഞാന്‍ ഗുരു നിത്യയുടെയും മുനിനാരായണ പ്രസാദിന്റെയും ചില പുസ്തകങ്ങള്‍ എടുത്തു.
 വണ്ടി നീങ്ങിയപ്പോള്‍ എല്ലാവരും വിനോദ് ഭയ്യയെക്കുറിച്ചു ചോദിച്ചു. ഊട്ടി ലോറന്‍സ് സ്കൂളിലെ പ്രിന്‍സിപ്പലായിരുന്നു ഭയ്യയുടെ അച്ഛന്‍. വടക്കേ ഇന്ത്യക്കാരാണ്.
പിതാവു പെന്‍ഷന്‍ പറ്റി അവരെല്ലാം നാട്ടിലേക്കു പോയപ്പോഴും ഗുരുനിത്യയുടെ ഗുരുകുലം വിട്ടു പോകാന്‍ വിനോദിനായില്ല. മുൻപ് മലയാളം തീരെ പരിചയമില്ലായിരുന്നു. ഇരുപതു കൊല്ലം മുന്പു കണ്ടപ്പോള്‍ ഭയ്യക്കു നാല്‍പ്പത്തഞ്ച് വയസ്സ്. താടിയും മുടിയും നരച്ചെങ്കിലും ആ മുഖത്തെ തേജസ്സിനു മങ്ങലില്ല. ഭയ്യയെക്കുറിച്ചു ഞാന്‍ പറഞ്ഞു നിര്‍ത്തി.

ഡോ.അനീന്‍ വാഹനത്തിന്റെ വേഗത കൂട്ടി. ദീപയും മക്കളും,നീത ടീച്ചറും ഞങ്ങള്‍ മൂവരുമടങ്ങുന്ന സംഘം അങ്ങകലെ കാണുന്ന നാരായണ ഗുരുകുലത്തിലേക്ക് വീണ്ടും നോക്കി. ഞാൻ ഗുരുവിന്റെ ‘നിത്യ ചൈതന്യ ഗീതങ്ങള്‍’ എന്ന കൊച്ചു പുസ്തകം കയ്യിലെടുത്തു. കവിതകളാണ്. അവസാനത്തെ കവിതയിലെ വരികൾ ചൊല്ലി.

ആനന്ദമാനന്ദമീ ലഹരി
സാനന്ദമാനന്ദമീ ലഹരി
മാനവ സൌഭാഗ്യസദ്ഗുരുവിൻ
ആനന്ദഗീതം ഞാന് പാടിടട്ടെ

മാനവരൊന്നെന്ന സത്യഗീതം
ആദ്യം ശ്രവിച്ചതരുവിപ്പുറം
പിന്നതു കേട്ടു ശിവഗിരിയില്‍
ഇപ്പോള്‍ മുഖരിതം ലോകമാകെ

ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണ് നമ്മുടെ ആകെ ഭുമി
ഒന്നായ്  പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍.

24 comments:

നിരക്ഷരന്‍ said...

ചേച്ചീ..
ഒരു തേങ്ങാ ഞാനടിക്കുന്നു.
((((((...ഠേ..)))))))
നിത്യചൈതന്യ യതിയെ നേരില്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഈ വിവരണമെല്ലാം വലിയൊരു അനുഭൂതിയാണ് എന്നെപ്പോലുള്ളവര്‍ക്ക് പകര്‍ന്ന് തരുന്നത്. ഞാന്‍ 3 മാസം മാത്രം പഠിച്ച ആലുവാ യു.സി.കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു യതി എന്ന് അന്നത്തെ പ്രിന്‍സിപ്പാള്‍ പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറഞ്ഞ് പോയിട്ടുണ്ട്.

അതേ അനുഭവം ഈ പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ഉണ്ടായി. നന്ദി ചേച്ചീ. ഇനിയും എഴുതൂ...
കാത്തിരിക്കുന്നു.

കുറ്റ്യാടിക്കാരന്‍ said...

സ്വാഗതം ചേച്ചീ, ആദ്യത്തെ യാത്രാവിവരണം കൊള്ളാം.

ഒരു അക്ഷരത്തിരുത്തല്‍ പറഞ്ഞുതരട്ടേ,
kr^shi = കൃഷി. ഇത് “കൃതിക്കും“ ഉപകരിക്കും.

നിരക്ഷരന്റെ ചാമുണ്ഡി ഹില്‍‌പാലസ് യാത്രയില്‍ വഴികാട്ടിയായ ലതികച്ചേച്ചിയാണോ ഈ ലതികച്ചേച്ചി?

പാമരന്‍ said...

ചേച്ചീ (നിരക്ഷരന്‍ അങ്ങനെ വിളിച്ചതുകൊണ്ട്‌ ഞാനും.. വിരോധമുണ്ടാവില്ലെന്നു കരുതുന്നു).

ഗുരുവിനെ അടുത്തറിയാനും ഒത്തിരിയൊന്നും വായിക്കാനും കഴിഞ്ഞിട്ടില്ലെങ്കിലും ഒരിക്കല്‍ പ്രസംഗം കേള്‍ക്കാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

ആള്‍ദൈവങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന ഈ സമയത്ത്‌, പോകുന്ന വഴിയൊക്കെ അടിച്ചുവാരാന്‍ ഒരു ചൂലുമായി പ്രഭാതസവാരിക്കിറങ്ങിയിരുന്ന, ജ്ഞാനസാഗരമായിരുന്ന ഗുരുവിന്‍റെ സ്മരണകള്‍ തൊട്ടുണര്‍ത്തിയതിന്‌ ഒത്തിരി നന്ദി.

Gopan (ഗോപന്‍) said...

ലതിക ചേച്ചി: ഗുരുവിനെ ഈ പോസ്റ്റിലൂടെ അറിഞ്ഞു. :)

എന്‍റെ കുറ്റി, ഞാനീ കമന്റ്‌ കണ്ടു "ആടി" പ്പോയി. എന്തൊരു ഓര്‍മ്മ..!

മനോജേ: കുറ്റ്യാടി പരൂഷ പാസ്സായി ട്ടാ. :)

മാണിക്യം said...

മഴയത്ത്
മരച്ചുവട്ടില്‍ നില്‍ക്കുവാന്‍
സാ‍ധിക്കുക ഒരു
വലിയ ഭാഗ്യം തന്നെ !

ജീവിതത്തില്‍ ആ വിധം
ഒരു വന്‍മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണ് നമ്മുടെ ആകെ ഭുമി
ഒന്നായി പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍.

ശിവ said...

വിവരണം നന്നായി....ലളിതമായ ഭാഷ....

ശ്രീ said...

ചേച്ചീ...
യാത്രാവിവരണം ലളിതവും ആസ്വാദ്യകരവുമായിരുന്നു. ശരിയ്ക്കും ആസ്വദിച്ചു വായിച്ചു. ഇനിയുമിനിയും എഴുതൂ...
:)

നന്ദകുമാര്‍ said...

രാവിലെ തന്നെ ഒരു നല്ല വിവരണവും അനുഭവക്കുറിപ്പും വായിച്ചതിന്റെ സന്തോഷവും അനുഭൂതിയും പറഞ്ഞറിയിക്കാനാവുന്നില്ല.

പത്താം ക്ലാസ്സ് മുതലാണ് ഞാന്‍ യതിയെക്കുറിച്ചറിഞ്ഞുതുടങ്ങുന്നത്. പുസ്തകങ്ങളിലൂടെ. നേരിട്ട് പരിചയപ്പെടണമെന്നും വാത്സല്യം നുകരണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.
ലതികയുടെ ഈ യാത്രാകുറിപ്പിലൂടെ വീണ്ടും ആ ഓര്‍മ്മ.
അപാരമായ ശാന്തത ഈ വിവരണത്തിന്. കയറ്റിറങ്ങളില്ലാത്ത, വാചാലമാകുന്ന മൌനത്തിന്റെ നിത്യ ശാന്തത; അനര്‍വ്വചനീയമായ അനുഭൂതി.
നന്ദീ, ഈ കുറിപ്പിന്. ഇനിയും പ്രതീക്ഷിക്കുന്നു.

കുറ്റ്യാടിക്കാരന്‍ said...

ലതികേച്ചീ, ഒരു ഓഫ് അടിച്ചോട്ടേ, സോറി ഇന്‍ അഡ്വാന്സ്....

മോനേ ഗോപേട്ടാ....

എന്നെ അഹങ്കാരത്തിന്റെ പരകോടിയില്‍ എത്തിച്ചതിന്ന് നന്ദി... :) :)

പിന്നെ ഓര്‍മ്മയുടെ കാര്യം.... പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ ഡിപ്പാര്‍ട്ട്മെന്റ് തന്നെ "തല"യല്ലേ...

ശ്ശൊ... എന്റെയൊരു കാര്യം !!!

കൃഷ്‌ | krish said...

vivaraNam nannaayiTTunT.

..വീണ.. said...

വിവരണം നന്നായി ചേച്ചി..

Achooss. said...

ചേച്ചീ...

വളരെ നന്നായിട്ടുണ്ട്.മുഴുവന്‍ ഞാന്‍ വായിക്കുകയായിരുന്നില്ല...അനുഭവിക്കുകയയിരുന്നു എന്ന് വേണം പറയാ‍ന്‍.
ഇനിയും എഴുതൂ.. ഇത്തരം അനുഭവങ്ങള്‍...

JamesBright said...

വളരെ നല്ല ഒരു യാത്രാവിവ്രണം.
വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പോയി.
അഭിനന്ദനങ്ങള്‍. ലിങ്ക് അയച്ചുതന്ന നിരക്ഷരന്‌ നന്ദി.

ഞാന്‍ ലതി said...

എനിക്കു നിങ്ങളെല്ലാവരും നല്‍കുന്ന പ്രോത്സാഹ
നത്തിനു നന്ദി. എന്നെ ഇവിടെത്തിച്ച അമ്പാടിക്കും{നിരക്ഷരന്‍}.

കുഞ്ഞായി said...

നല്ല യാത്രാവിവരണം,നല്ല ഭാഷ.....
ലിങ്ക് അയച്ചുതന്ന നിരന് നന്ദി

Sharu.... said...

വളരെ നല്ല വിവരണം. വായന ഒരു അനുഭൂതിയാകുന്നത് അറിയാനായി. അഭിനന്ദനങ്ങള്‍

ഗീതാഗീതികള്‍ said...

നിത്യചൈതന്യ യതിയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു വിശദമായ പോസ്റ്റിടുമോ ലതീ.

ലതി said...

ഗീ‍താഗീതികളുടെ ആവശ്യപ്രകാരം യതിയെക്കുറിച്ച് വൈകാതെ എഴുതുന്നതാണ്

Kunjipenne - കുഞ്ഞിപെണ്ണ് said...

മനുഷ്യരെല്ലാവരും യതിയേയും ഓഷോയേയും വായിച്ചിരുന്നങ്കിലെന്ന്‌ പലപ്പോഴും ആലോചിച്ചിട്ട്‌ണ്ട്‌....വിവരണങ്ങള്‍ക്ക അഭിനന്ദനങ്ങള്‍

സോജന്‍ said...

ചേച്ചി..വളരെ നന്നായി ആസ്വദിച്ചു ഈ വിവരണം..വായിച്ചു തീര്‍ന്നപ്പോള്‍ ഒരു പ്രത്യേക അനുഭൂതി..ഒരിക്കല്‍ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്..നന്ദി ഈ പോസ്റ്റിനു

വരവൂരാൻ said...

മനോഹരമായ ഓർമ്മകുറിപ്പുകൾ
വായിക്കാൻ വൈകി പോയതിനു വിഷമം തോന്നി.. ആശംസകൾ

കൃഷ്ണഭദ്ര said...

ചേച്ചി(എനിക്ക് നേരിട്ട് പരിചയമില്ല..എന്നാലും ഒരു കോട്ടയം കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു).
നന്നായിരിക്കുന്നു വിവരണം
യതിയേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

shine | കുട്ടേട്ടൻ said...

Today only I saw this post. Hope you can remember that "computer Engineer" you met in the kitchen of Gurukula.. :-) I too wrote my experiences there in 10 posts..

hemal nair said...

Dear Lathika,
My malayalam blog reading started with kodakarapuranam.When ,I read abt the cherai meet, I understood abt ur presence in the boolokam .Rather than ur political carrear,I m much impressed with ur blogging skills.Thank you very much for the article about swami nithya.
One day ,I met you in Rajamahal Theatre .You reached there to see the movie Oru kochu swapnam; i think.Because that day in manorama paper ur opinion abt the movie was published.You were the councillor from BCM at that time.So,as they published ur opinion, it was mandatory for u to see the movie.
ha....ha.....ha
Keep the good work
Hemaletha Nair
mondapathil