Sunday, July 13, 2008

കൊച്ചിയില്‍ നിന്നും ചെറായി ബീച്ചിലേക്ക്.....






ഹോദരന്‍ അയ്യപ്പനു ജന്മം നല്‍കിയ നാട് എന്ന നിലയിലാണു ചെറായിയെക്കുറിച്ചു ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരോണക്കാലത്ത്, വൈപ്പിന്‍ മദ്യദുരന്തം ഉണ്ടാ‍യപ്പോള്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമായ ചെറായിയും ചിത്രത്തില്‍ വന്നതോര്‍ക്കുന്നു. എന്തിനും ഏതിനും പ്രതികരിയ്ക്കുന്ന വൈപ്പിൻകരക്കാരെക്കുറിച്ചും കുടിവെള്ളത്തിനായി മുറവിളി കൂട്ടുന്ന ഈ നാടിനെക്കുറിച്ചും എവിടെയോ വായിച്ച ഓർമ്മയുമുണ്ടായിരുന്നു.

പില്‍ക്കാലത്ത് ചെറായിയുടെ മരുമകളായി അവിടെയെത്തിയപ്പോഴാണ് ഈ മനോഹരതീരം കാണാനും ഇവിടെ (മാസത്തില്‍ ചുരുങ്ങിയത് നാലഞ്ച് ദിവസമെങ്കിലും)താമസിക്കാനും ഭാഗ്യമുണ്ടായത്। ആദ്യമാദ്യം ഞാന്‍ അങ്ങോട്ട് പോയിരുന്നത് ഒത്തിരി സമയമെടുത്തു തന്നെയാണ്।
തിങ്കൾ മുതൽ വെള്ളി വരെ കോട്ടയത്ത് താമസിച്ച്, ശനിയാഴ്ച ഉച്ച തിരിഞ്ഞ്
ട്രെയിനില്‍ എറണാകുളത്തെത്തിയാല്‍ ബോട്ട് ജെട്ടിയിലെത്തി വൈപ്പിനിലേക്ക്। പാര്‍ക്കിനടുത്തും ഹൈക്കോര്‍ട്ടിനടുത്തും ബോട്ട് ജെട്ടികളുണ്ട്। കൊച്ചി നഗരവും ഷിപ്പ്യാര്‍ഡും ബോള്‍ഗാട്ടി പാലസും, മുളവുകാടു-വല്ലാര്‍പാടം തുടങ്ങിയ ചെറു ദ്വീപുകളും,കായല്‍ പരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടുന്ന ചെറുതും വലുതുമായ ബോട്ടുകളും എണ്ണക്കപ്പലുകളും അപൂര്‍വമായെത്തുന്ന യാത്രാക്കപ്പലുകളുമൊക്കെ കണ്ടുകൊണ്ടൊരു ബോട്ട് യാത്ര। ബോട്ട് ജെട്ടിയില്‍ ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയാണെപ്പോഴും। വൈകുന്നേരം എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് എത്ര തിരക്കായിരുന്നെന്നോ। പത്ത് മിനിറ്റ് ഇടവിട്ട് വരുന്ന ബോട്ടില്‍ ഈ ജനമെല്ലാം എങ്ങനെയാ കയറുന്നത് എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും മലവെള്ളപ്പാച്ചിലു പോലെ ആളുകളെല്ലാം ബോട്ടില്‍ കയറിക്കൂടിയിട്ടുണ്ടാവും। ‘സൂചി കുത്താനിടമില്ല’ എന്നൊക്കെ പറയുന്നമാതിരി തിക്കിത്തിരക്കി പോകുമ്പോഴും, വൈപ്പിനിലെ മനുഷ്യരുടെ മാന്യതയെ ഞാന്‍ നമിച്ചിട്ടുണ്ട്।

മകന് മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ ഞാന്‍ അവനെയും കൊണ്ട് യാത്ര ചെയ്യുമായിരുന്നു। കുട്ടി, ബാഗ്- എങ്ങനെ കയറും എന്നലോചിക്കുമ്പോള്‍ ആരെങ്കിലും ബാഗ് വാങ്ങും। കുഞ്ഞുമായി ഇരിക്കാന്‍ ആരെങ്കിലും സീറ്റ് തരും। ഇരുവശങ്ങളിലേയും കാഴ്ചകള്‍ കണ്ടൊരു ജലയാത്ര।സന്ധ്യയായാല്‍ എവിടെയും വൈദ്യുത ദീപങ്ങള്‍। പിന്നോട്ടു നോക്കിയാല്‍, പ്രകാശത്തില്‍ കുളിച്ച കൊച്ചീ നഗരം। അറബിക്കടലിന്റെ റാണി തന്നെ। സുഭാഷ് പാര്‍ക്കും മറൈന്‍ ഡ്രൈവും അംബരചുംബികളായ കെട്ടിടങ്ങളും അകന്നകന്നു പോവുന്നു। See full size image




എളങ്കുന്നപ്പുഴയിലെ ലൈറ്റ്ഹൌസ്.

വലതു വശത്ത് കണ്ടല്‍ വനങ്ങളുടെ നിഴലാട്ടം. ഇടത്തോട്ടു നോക്കിയാല്‍ ഷിപ്പ് യാര്‍ഡും, തലയെടുപ്പുള്ള ഹോട്ടലുകളും. സര്‍ക്കാര്‍ വക ബോട്ടില്‍ സഞ്ചരിച്ചാല്‍ ഐലന്‍ഡില്‍ പോവാം. അവിടെ ആളിറക്കിയ ശേഷം വീണ്ടും മുന്നോട്ട്. എളങ്കുന്നപ്പുഴയിലുള്ള ലൈറ്റ് ഹൌസ് അപ്പോഴേക്കും കണ്ണുതുറന്നു ചുറ്റും നോക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. താഴെ കായലിലെ തിരയിളക്കം, മുകളില്‍ പ്രകാശത്തിന്റെ പ്രദക്ഷിണനൃത്തം... വൈകി അസ്തമിക്കുന്ന ദിവസങ്ങളില്‍ ആകാശത്തിലെ മായക്കാഴ്ചകള്‍ വേറെയും. http://i6.tinypic.com/23kw7zb.jpg

ഗോശ്രീ പാലം ഒരു ഭാഗം.
കാറിലോ സ്വകാര്യ വാഹനങ്ങളിലോ വരുന്നവര്‍ക്ക് ജങ്കാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താമായിരുന്നു. ഇന്നിപ്പോള്‍ ആ (അ)സൌകര്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്കു മാത്രം. ഗോശ്രീ പാലങ്ങള്‍ സമയത്ത് പണി തീര്‍ത്ത്, തുറന്നു കിട്ടിയിട്ട് വര്‍ഷം മൂന്നാലായി...മൂന്നു പാലങ്ങളുടെ കൂട്ടായ്മ.. അരമണിക്കൂര്‍ ബോട്ടുയാത്രക്കു പകരം പത്തുമിനിട്ട്, റോഡ് യാത്ര.



Photo of Bolgatty Palace Hotel,Kochi (Cochin), Kerala, India, The front of the hotel


കാറും ബസ്സുമൊക്കെ അന്യമായിരുന്ന മുളവുകാട്, പനമ്പുകാട് ദ്വീപുകള്‍ക്ക് ശാപമോക്ഷം। ബോള്‍ഗാട്ടി പാലസ്സിലേക്ക് കരമാര്‍ഗ്ഗവും ചെന്നെത്താം। പ്രശസ്തമായ വല്ലര്‍പാടം പള്ളി ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്നു।

http://commons.wikimedia.org/wiki/File:Vallarpadam_Church.jpg



വല്ലാര്‍പാടം പദ്ധതി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നിരവധി പദ്ധതികളുടെ വരവോടെ വികസനം നോക്കി നില്‍ക്കുമ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു ।വല്ലാർപാടം പദ്ധതി ഏവരുടേയും പ്രതീക്ഷയാണു ।പാലങ്ങളിലൂടെ കടന്നു പോകുമ്പോൾ ആദ്യമാദ്യം എന്തെല്ലാം കാഴ്ചകളായിരുന്നെന്നോ!പണ്ട് ബോട്ടിലോ ജങ്കാറിലോ പോയിരുന്നപ്പോൾ ലഭിച്ച കാഴ്ചസുഖം പൂർണ്ണമായി ലഭിച്ചിരുന്നില്ലെങ്കിലും, കായൽ ദൃശ്യങ്ങളുടെ വശ്യത പറഞ്ഞാൽ അവസാനിക്കാത്തതായിരുന്നു। ഇപ്പോൾ വികസനം അനുദിനം വളരുകയാണിവിടെ । ദ്വീപിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു എന്നു പറയുന്നതാവും ശരി। രാത്രിയില്‍ അവസാനത്തെ ബോട്ടും ജങ്കാറും വൈപ്പിനിലെത്തിക്കഴിഞ്ഞാല്‍ ദ്വീപ് ഉറക്കമാവുമായിരുന്നു।
ഇന്നിപ്പോള്‍ വടക്കോട്ടുള്ള വാഹനങ്ങളധികവും രാപകല്‍ ഭേദമില്ലാതെ ദ്വീപിലൂടെയാണു യാത്ര.





വൈപ്പിന്‍ ദ്വീപ് വൈപ്പിനില്‍ നിന്നും മുനമ്പത്തേക്കും വടക്കന്‍ പറവൂരിന്റെ അതിര്‍ത്തിയായ ചെറായി പാലത്തിലേക്കും എത്തി നില്‍ക്കുന്നു। പറവൂര്‍-വൈപ്പിന്‍ 23 കി।മീയും വൈപ്പിന്‍-മുനമ്പം27കി।മീയും ദൂരം വരും।പാലങ്ങളുടെ വരവോടെ റോഡുകളും നിലവാരമുള്ളതാക്കി। മുട്ടിനു മുട്ടിനു കാണുന്ന ചെറു പാലങ്ങള്‍ക്കിനിയും പുരോഗതിയായില്ല। വൈപ്പിന്‍, മുരിക്കുമ്പാടം, ഓച്ചന്തുരുത്ത്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്(നടൻ സിദ്ധിക്കിന്റെജന്മദേശം), തുടങ്ങിയ പ്രധാന
സ്ഥലങ്ങള്‍ പിന്നിട്ടാല്‍ പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയെത്തും




പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറം,യശശരീരനായ ശങ്കരാടി തുടങ്ങിയ നിരവധിപ്രഗല്‍ഭമതികള്‍ക്കും ജന്മം നല്‍കിയ ഗ്രാമം।യാത്രയിലുടനീളം പുട്ടിനിടയില്‍ തേങ്ങയെന്നവണ്ണം ഹൈന്ദവ-ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങള്‍।


Sankaradi1.jpg

ചെറായിയിലെത്തുന്നതിനു മുന്നോടിയായി, ശ്രീ നാരായണ ഗുരു, പ്രതിഷ്ഠ നടത്തിയ ഗൌരീശ്വരക്ഷേത്രം കാണാം। ഗൌഡസാരസ്വതബ്രാഹ്മണരുടെ വരാഹക്ഷേത്രം ചെറായി ജംങ്ഷനില്‍ത്തന്നെയാണ്। വലത്തോട്ടു പോ‍യാല്‍ പറവൂരെത്താം. ചെറായി പാലത്തില്‍ ഒരു ചെറിയ പാര്‍ക്കു പോലെ ‘ഗേറ്റ് വേ ടു ചെറായി‘. ഇരുവശങ്ങളിലും ജലാശയങ്ങള്‍. ചീനവലകൾ

[sahodaran+ayyapan.jpeg]

എവിടേയും കാണാം। ചെറായി ജംഗ്ഷൻ പറവൂർ, മുനമ്പം, വൈപ്പിൻ റോഡുകളുടെ സംഗമമാണു। പറവൂരു നിന്നും വരുന്നവർക്ക് ഇവിടെവന്നു വേണംബീച്ചിലേയ്ക്കുപോവാൻ।മുനമ്പത്തുനിന്നുംബീച്ചിനു സമാന്തരമായ റോഡുണ്ട്।അടുത്തകാലത്ത് പണിതീർന്ന മാല്യ ങ്കരപ്പാലം കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും
വരുന്നവർക്ക് എളുപ്പം ചെറായിയിലെത്താൻ സഹായകമാണു.

ചെറായിയില്‍ നിന്നും നേരേ പോകുന്നത് മുനമ്പത്തേക്ക്। ആ വഴിയില്‍ വലത്തേക്കു യാത്ര ചെയ്താല്‍ സഹോദര ഭവനത്തിലെത്താം(സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം) കായലോരത്തുള്ള സഹോദരഭവനം സര്‍ക്കാര്‍ അധീനതയില്‍ നന്നായി സംരക്ഷിച്ചുപോരുന്നു। കുറച്ചകലെയുള്ള 'ടിപ്പു സുല്‍ത്താന്റെ കോട്ട'യാകട്ടെ, ശ്രദ്ധയില്ലാതെ പോയതിനാല്‍ അനാഥമായി കിടക്കുന്നു।ടിപ്പുവിന്റെ കോട്ടഎന്നു നാട്ടുകാര്‍ പറയുമെങ്കിലും

പള്ളിപ്പുറം കോട്ട.


1503-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിതതാണത്രേ ഈ കോട്ട. പള്ളിപ്പുറത്തുള്ള ഈ കോട്ട ഇന്‍ഡ്യയില്‍ വിദേശികള്‍
നിര്‍മ്മിച്ച ആദ്യത്തെ കോട്ടകളില്‍ ഒന്നാണെന്നും പറയപ്പെടുന്നു.ഇതിനടുത്താണ് പള്ളിപ്പുറം സര്‍ക്കാറാശുപത്രിയും പൊലീസ് സ്റ്റേഷനും മറ്റും.
ചെറായിയില്‍ നിന്നും അല്പം മുന്നോട്ട് പോയി, ഇടത്തോട്ട് ഒന്നര കി।മീ പോയാല്‍ ബീച്ചിലെത്താം। കായലിന്റെ നടുവിലൂടൊരു യാത്ര। തരക്കേടില്ലാത്ത പാത. പഴക്കം ചെന്ന ഒരു തടിപ്പാലമാണു വാഹനങ്ങള്‍ക്കിന്നും ആശ്രയം.(ഇപ്പോൾ ഈപാലംപണിയിൽ)ചെറുതും വലുതുമായ റിസോര്‍ട്ടുകളും ബോട്ട് ഹൌസുകളും സഞ്ചാരികള്‍ക്കു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ചൂണ്ടക്കാരും വലക്കാരും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പുഴയുടെ മുഖമുദ്രയാണിന്നും. എളങ്കുന്നപ്പുഴ മുതല്‍ മുനമ്പം വരെ നീണ്ടുകിടക്കുന്ന തീരദേശ പാതയിലേക്കാണു നമ്മള്‍ എത്തുന്നത്.

അതാ അറബിക്കടല്‍. സമാന്തരമായ പാതയിലൂടെ എങ്ങോട്ട് സഞ്ചരിച്ചാലും കടല്‍ കണ്‍ നിറയെ കാണാം.മുനമ്പത്തെത്തും മുന്‍പ് പുലിമുട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ കരകാണാക്കടലിനൊപ്പം വലതുവശത്ത് തൃശൂര്‍ ജില്ലയിലെ
അഴീക്കോട് കാണാം.
ചെറായി ബീച്ചിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ സൌന്ദര്യവല്‍ക്കരണവും നടന്നിരുന്നു. ‘സുനാമി’ വന്ന് ബീച്ചിന്റെ മുഖശ്രീ കവര്‍ന്നെങ്കിലും ക്ഷീണം മാറിത്തുടങ്ങിയിട്ടുണ്ട്. ആറേഴു വര്‍ഷം മുന്‍പ് നാട്ടുകാരുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കപ്പെട്ട ‘ചെറായി ബീച്ച് ടൂറിസം മേള’ ഇന്നൊരു നാടിന്റെ ഉത്സവമായി മാറിയിരിക്കുന്നു। കടലോര ഗ്രാമങ്ങളില്‍ പലതിലും ‘ചെറായി മോഡല്‍‘ ടൂറിസം മേളകള്‍ കാണാം. സ്വദേശികളുംവിദേശികളുമടക്കം ആയിരങ്ങള്‍ പങ്കെടുക്കുന്ന മേള എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം പത്തു ദിവസം നീണ്ടു നില്‍ക്കുന്നു.

കടലുകാണാനും കായല്‍പ്പരപ്പില്‍ കളിവള്ളം തുഴയാനും ഞണ്ടും ചെമ്മീനും മീനും മറ്റും നല്ലവണ്ണം കഴിക്കാനും കടലമ്മയുടെ അരികിലിരുന്ന്, നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കാനും, എന്താ ചെറായിയിലേക്കു വരുന്നോ?
നിലവിലുള്ള പാലം പുതുക്കിപ്പണിയുന്നതിനാൽ ഇപ്പോൾ ബീച്ചി ലേയ്ക്കുള്ള യാത്ര ഈ വഴിയാണു.
കായലും കരയും.




Thursday, May 29, 2008

ഒരിക്കല്‍ക്കൂടി പന്നല്‍മലയിലേക്ക്...........

നീലഗിരി എനിക്ക് അന്യയല്ല.1987-ല്‍ ഗുരു (നിത്യ ചൈതന്യ യതി) വിന്റെ ക്ഷണമനുസരിച്ച് ആദ്യ യാത്ര. പിന്നെ ഒന്നര വര്‍ഷത്തോളം മഞ്ഞനിക്കര ഗ്രാമത്തിലെ പന്നല്‍മല(ഫേണ്‍ഹില്‍)യിലെ ആശ്രമത്തില്‍.

“മോളേ, മഴയത്തു മരച്ചുവട്ടില്‍ നില്‍ക്കുന്നതു പോലെയാണ് എന്റെ കൂടെ നില്‍ക്കുന്നത് ”. ഗുരു ഒരിക്കല്‍ പറഞ്ഞു.

നാട്, വീട്, മാതാപിതാക്കള്‍,ജോലി .. എല്ലാമോര്‍ത്ത് ഞാനും മലയിറങ്ങി. അദ്ധ്യാപിക,പത്രപ്രവര്‍ത്തക..ഉപജീവനത്തിനു പല വേഷങ്ങള്‍. എങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ഊട്ടിയിലേക്ക്.

ബൊട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും മറ്റ് കാഴ്ചകളുമല്ല എന്നെ ആകര്‍ഷിച്ചിരുന്നത്.ഗുരുകുലത്തിലെ തികച്ചും വ്യത്യസ്തമായ ജീവിതം.അറിവിന്റെ നിറകുടമായ ഗുരുവിന്റെ സാമീപ്യം.രാവിലെ ഗുരുവിനോടൊത്ത് നടത്തം.ഓരോ പ്രഭാത സവാരിയും ഒന്നിലധികം പുസ്തകങ്ങള്‍ വായിച്ച പ്രതീതി ഉളവാക്കിയിരുന്നു.

ഏറ്റവും ഒടുവില്‍ പോയത് ഗുരു എന്നേക്കുമായി യാത്ര പറഞ്ഞപ്പോഴാണ്.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍ മൂന്നു പേരും(ഞാനും ഭര്‍ത്താവും മകനും) ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഒപ്പം കുടുംബ സുഹ്രുത്തായ ഡോക്ടരും ഭാര്യയും 2 കുട്ടികളും, ഞങ്ങളുടെ ഒരു ബന്ധുവായ ഒരു അദ്ധ്യാപികയും.

ചന്നം പിന്നം മഴയുമായാണ് നീലഗിരി ഞങ്ങളെ സ്വാഗതം ചെയ്തത്. തണുത്തു വിറക്കുന്ന നട്ടുച്ച.പാലക്കാട്ടുകാരുടെ ഒന്നാം തരം ഉച്ചഭക്ഷണം.ഹോട്ടലില്‍ നല്ല ഊണു കിട്ടിയതിന്റെ ആഹ്ലാദം മറ്റ് എല്ലവരും പങ്കിടുമ്പോഴും നേരത്തേ പറഞ്ഞിരുന്നെങ്കില്‍ ഗുരുകുലത്തില്‍ കിട്ടുമായിരുന്ന ഉച്ചയൂണ് നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ഞാന്‍.

ഊട്ടിപ്പട്ടണം കുറച്ചു മാറിപ്പോയോ? പന്നല്‍ മലയിലേക്കുള്ള വഴിയിലാണ് ഏറെ മാറ്റങ്ങള്‍. ഫേണ്‍ഹില്‍ പാലസ് കഴിഞ്ഞപ്പോള്‍ ആകെ മാറ്റം. ഒന്നുരണ്ടിടത്തു വണ്ടി നിര്‍ത്തി നാരായണ ഗുരുകുലം ചോദിക്കേണ്ടി വന്നു. പുതിയ റിസോര്‍ട്ടുകളും മറ്റും ധാരാളമായി വന്നിരിക്കുന്നു.

ഇപ്പോള്‍ ഗുരുകുലത്തിന്റെ അധിപന്‍ ഡോ.തമ്പാന്‍ ആണ്. അദ്ദേഹം ഇപ്പോള്‍ തന്മയ സ്വാമിയാണ്. എം.ബി.ബി.എസ്, ഉപരിവിദ്യാഭ്യാസം, ഗവേഷണം, എല്ലാം കഴിഞ്ഞാണ് ഭാരതീയ ദര്‍ശനവും മനശാസ്ത്രവുമൊക്കെ ഹൃദിസ്തമാക്കിയത്.20 വര്‍ഷം മുന്‍പ് ആദ്യമായി കാണുമ്പോള്‍ത്തന്നെ നല്ലൊരു പണ്ഡിതനായിരുന്നു ഡോ.തമ്പാന്‍.

ഞാന്‍ തമ്പാനണ്ണനെ ഫോണില്‍ വിളിച്ചു. “ഇവിടെ അടുത്ത് ഒരു മലയാളിയുടെ കോട്ടേജുണ്ട്.എല്ലാവര്‍ക്കും താമസിക്കാം. ഫ്രെഷ് ആയി വന്നാട്ടെ. ഞാന്‍ നിങ്ങളുടെ കാര്യം പറഞ്ഞിട്ടുണ്ട്.” സൌമ്യമായ മറുപടി. അങ്ങനെ ഒടുവില്‍ ഞാന്‍ ഗുരുനിത്യയില്ലാത്ത ഗുരുകുലത്തിലെത്തി.

നല്ല വേലിക്കെട്ടുകള്‍ നല്ല അയല്‍ക്കാരെ സൃഷ്ടിക്കും(good fences make good neighbours)എന്നു പാടിയ ആംഗലകവി റോബര്‍ട്ട് ഫ്രോസ്റ്റ് (Robert Frost)ഗുരുവിനു ഇഷ്ടപ്പെട്ട കവികളില്‍ ഒരാളായിരുന്നു. നാരായണ ഗുരുകുലത്തില്‍ ഇനിയും മതിലോ വേലിക്കെട്ടോ ആയിട്ടില്ല.ഒരു വശത്തു തട്ടുതട്ടായുള്ള കൃഷിയിടങ്ങള്‍. ക്യാരറ്റും,ക്യാബേജും,ക്വോളിഫ്ലവറും,ഉരുളക്കിഴങ്ങും എല്ലാം തഴച്ചു വളര്‍ന്നിരിക്കുന്നു.

ഗുരുകുലാംഗങ്ങളുടേയും സന്ദര്‍ശകരുടേയും വിയര്‍പ്പിന്റെ ഫലം അകത്ത്,മുറ്റത്തിനു താഴെ വിശാലമായ അടുക്കള.വലതുവശത്തു പ്രാര്‍ത്ഥനാമുറിയും വായനശാലയും കിടപ്പുമുറികളും. ഗുരു നിത്യയുടെ കിടപ്പു മുറിയും ചെറിയ അടുക്കളയും സൂര്യോദയതിനു മുന്നേ എഴുത്തു തുടങ്ങുന്ന ഗുരു ഏറ്റവുമധികം സമയം തങ്ങിയിരുന്ന വായനാമുറിയും അടഞ്ഞു കിടക്കുന്നു. കിഴക്കു ഭാഗത്തു ചില്ലു ഭിത്തികളാനുള്ളത്.പുറത്തുള്ള ഷട്ടര്‍ തുറന്നാല്‍ സൂര്യോദയം... പിന്നെ, മലകളും മേഘങ്ങളും കാട്ടിത്തരുന്ന ജാലവിദ്യകള്‍, എല്ലാം ഗുരു ആസ്വദിച്ചിരുന്നതിവിടിരുന്നാണ്. വര്‍ഷങ്ങളോളം ഒരു കൊച്ചു കുട്ടിയെപ്പോലെ തനിക്കു വരുന്ന നൂറിലധികം കത്തുകളും ഒറ്റയിരിപ്പിനു വായിച്ചും മറുപടിയെഴുതിയും ചിലവഴിച്ചതിവിടെയാണ്.

ഗുരുദേവ കൃതികള്‍ക്ക് വ്യാഖ്യാനം കൊടുക്കാനും ബൈബിളിനും ഗീതക്കും ഖുറാനും യതിസ്പര്‍ശമുള്ള ഭാഷ്യങ്ങള്‍ ചമയ്ക്കാനും ഗുരു ഇടം കണ്ടെത്തിയ മുറി. വിശ്വസാഹിത്ത്യത്തിലെ എല്ലാവരുടേയും രചനകള്‍ ഭിത്തികളിലെ ചില്ലലമാരകളില്‍ വിശ്രമിക്കുന്നു. ഏകലോക സങ്കല്‍പ്പത്തിന്റെയും, വിശ്വസാഹോദര്യത്തിന്റെയും, സ്നേഹസംവാദത്തിന്റെയും, വക്താവായിരുന്ന ഗുരു നിത്യയുടെ സാമീപ്യം കൊതിച്ച് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍‌വരമ്പുകള്‍ ലംഘിച്ച് എത്രയോപേരാണ് ഈ ചെറിയ വലിയ മുറി കയറിയിറങ്ങിയത്.

എന്റെ സഹയാത്രികരോട് ഗുരുവിനെക്കുറിച്ച് വാചാലയാകുകയായിരുന്നു ഞാന്‍. ഡോക്ടര്‍ തമ്പാനെ കാണണം. എല്ലാവരുടേയും രസച്ചരടു മുറിച്ചുകൊണ്ട് ഞാന്‍ തന്നെ അവരെ അടുക്കളയിലേക്ക് നയിച്ചു. പുറത്തു നല്ല മഞ്ഞുണ്ട്,അസഹനീയമായ കാറ്റും.രണ്ടു വയസ്സുകാരന്‍ ആര്യനും അഞ്ചുവയസ്സുകാരി അനന്യയും സ്വെറ്ററിലൊളിച്ചു. വലിയ വാതില്‍ തുറന്ന് അടുക്കളയിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം. തണുപ്പിനു വിട.

അടുക്കളയില്‍ത്തന്നെയാണു വിശാലമായ ഊണുമുറിയും. സമയം ആറര. സന്ധ്യാ വന്ദനത്തിനു മുന്‍പേ അത്താഴം തയ്യാറാക്കാന്‍ മുന്‍പന്തിയില്‍ ഡോ.തംബാന്‍ തന്നെ. ബാംഗ്ലൂര്‍ സ്വദേശിനിയായ ഒരു സംഗീതജ്ഞ,ഏഴു വര്‍ഷമായി മൌന വ്രതമടുക്കുന്ന
യുവ സന്യാസി, മദ്രാസ് കൃസ്ത്യന്‍ കോളേജിലെ കാഞ്ഞിരപ്പള്ളിക്കാരന്‍, ഒരു എഞ്ചിനീയറും രണ്ടു ബിസിനസ്സുകാരുമുള്‍പ്പെടെ ആറേഴുപേര്‍ ഈ സാമൂഹ്യ അടുക്കളയില്‍ പാചകത്തിനുണ്ട്.പരസ്പരം മുന്‍പരിചയമില്ലാത്തവര്‍ പോലും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഒരടുക്കളയില്‍ ജോലി ചെയ്യുന്നത് കണ്ട് ഞങ്ങളുടെ കൂടെ വന്നവര്‍ അത്ഭുതപ്പെട്ടു.

“മോനേ, ബ്രഹ്മദര്‍ശാ, നീ ആളാകെ മാറിപ്പോയല്ലോ!” ഞങ്ങളുടെ മകനെ നോക്കി ഡോ.തമ്പാന്‍.

അവനു പേരിട്ടതു ഗുരു. ഇവിടെ വച്ച് ഗുരു തന്നെയാണ് അവനെ എഴുത്തിനിരുത്തിയതും.“അയാളിപ്പോള്‍ പത്തിലേക്കു ജയിച്ചു തമ്പാനണ്ണാ” ഞാന്‍ പറഞ്ഞു. സംസാരത്തിനിടെ ഞങ്ങള്‍ക്ക് കഞ്ഞിയും അച്ചാറും പയറു തോരനും വിളമ്പി. തണുപ്പും വിശപ്പും ഞങ്ങളുടെ കഞ്ഞി കുടി അത്യാസ്വാദ്യമാക്കി.

വീണ്ടും എല്ലാവരും ഹാളിലെത്തി. സന്ധ്യാ വന്ദനത്തിനു സമയമായി.“കുട്ടികളുള്ളതിനാല്‍ എപ്പൊ വേണമെങ്കിലും
പോകാം ഈശ്വര നിന്ദയാവില്ല.“ ഡോ.തമ്പാന്‍.

ഹിന്ദു,മുസ്ലീം,ക്രൈസ്തവ ഗീതങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിലെ ആ അമ്മയുടെ സംഗീതാലാപനം. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.തണുപ്പും ചാറ്റല്‍ മഴയും.കോട്ടേജിലെത്തി അവരവരുടെ മുറികളില്‍ കയറിക്കൂടുമ്പോള്‍ പുറത്തു മഴ തകര്‍ക്കാന്‍ തുടങ്ങി.

ഞങ്ങളുടെ വാഹനം പിറ്റേന്നു കാലത്തു തന്നെ നാരായണ ഗുരുകുലത്തിലെത്തി. പുട്ടും കടലയും ചായയുമൊക്കെ കഴിച്ച് ഞങ്ങള്‍ ഇന്നലെ പോകാനും കാണാനും പറ്റാത്ത ഗുരുസമാധിയിലെത്തി. ഗുരുകുലത്തിലെ ഉയര്‍ന്ന പ്രദേശമാണത്. പണ്ടിവിടെ ഒന്നുരണ്ട് ചെറിയ പാര്‍പ്പിടങ്ങളും ഒരു ഓപ്പണെയര്‍ പടിപ്പിടവും ഉണ്ടായിരുന്നു. ഇപ്പൊ ആകെ മാറി. ഗുരു നിത്യ, നിത്യനിദ്ര ചെയ്യുന്നിടം. കുറച്ച് അകലെ അതിമനോഹരമായ ഒരു മന്ദിരവും,മെഡിറ്റേഷന്‍ ഹാളാണത്.

ശാന്തത മാത്രം...
ഞങ്ങള്‍ ഒത്തിരി നേരം ആ ശാന്തതയിലിരുന്നു...
ഗുരുവിന്റെ ഓര്‍മ്മകള്‍ എന്നെ വികാരാധീനയാക്കി. എന്റെ കണ്ണുകള് ഈറനണിഞ്ഞു...

കുട്ടിക്കാലത്ത് ഏതോ ബാല പ്രസിദ്ധീകരണത്തില്‍ വായിച്ചറിഞ്ഞ യതി, എം എ .ക്കു പടിക്കുമ്പോള്‍ , കലാകൌമുദി വാരികയിലെ ‘യാത്ര‘ വായിച്ചു വീണ്ടും മനസ്സിലെത്തിയത്, കോട്ടയത്തു വച്ചു നേരില്‍ കണ്ടത്, എനിക്കും കൂട്ടുകാര്‍ക്കും കൌമുദി വിശ്വംഭരന്റെ വീട്ടില്‍ വെച്ച് അമേരിക്കന്‍ ഇംഗ്ലീഷ് കവികളെക്കുറിച്ച് ക്ലാസ്സെടുത്തു തന്നത്, എന്റെ വീട്ടില്‍ ഗുരു വന്നത്, കത്തുകളിലൂടെ സംവദിച്ചു തുടങ്ങിയത്, അച്ഛനോടൊത്ത് ആദ്യം ഇവിടെ വന്നത്,കുറച്ചുകാലം ഇവിടെ കഴിയാനായത്,അച്ഛനും അമ്മയും വഴികാട്ടിയുമായ ഗുരു ഞങ്ങള്‍ക്ക് വാത്സല്യം ചൊരിഞ്ഞത്,വിവാഹസമ്മാനമായി ‘ഇമ്പം ദാമ്പത്യത്തില്‍’ എന്ന ഗുരുവിന്റെ ചെറിയ പുസ്തകം അയച്ചു തന്നത്, ഇടയ്ക്കിടക്ക് ഞങ്ങള്‍ രണ്ടു പേരും മകനുണ്ടായ ശേഷം മൂന്നു പേരും ഗുരുവിനെക്കാണാനെത്തുന്നതും...എല്ലാം...........

മെഡിറ്റേഷന്‍ ഹാളിനടുത്തു വിശാലമായ ലൈബ്രറി. നിറയെ പുസ്തകങ്ങള്‍. ഒന്നുരണ്ടു കിടപ്പു മുറികളും. ഒരാള്‍ മുറിയില്‍ നിന്നിറങ്ങി വന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച ആ താടിക്കാരന്‍.. വിനോദ് ഭയ്യാ..

“ഭയ്യാ, ഓര്‍മ്മയുണ്ടോ?“ ഞാന്‍ ചോദിച്ചു.
“ളതികാ.. വരും നതു അറിഞ്ഞു,മന്സിലായി.“
ഭയ്യാ ചിരിച്ചു. എല്ലാവരേയും പരിചയപ്പെട്ടു..

ഞങ്ങള്‍ യാത്ര പറയാന്‍ ചെല്ലുമ്പോള്‍ ഡോ.തമ്പാന്‍ പറഞ്ഞു “പുതിയ പുസ്തകങ്ങള്‍ വേണ്ടതെടുക്കണേ..”
ഞാന്‍ ഗുരു നിത്യയുടെയും മുനിനാരായണ പ്രസാദിന്റെയും ചില പുസ്തകങ്ങള്‍ എടുത്തു. വണ്ടി നീങ്ങിയപ്പോള്‍ എല്ലാവരും വിനോദ് ഭയ്യയെക്കുറിച്ചു ചോദിച്ചു. ഊട്ടി ലോറന്‍സ് സ്കൂളിലെ പ്രിന്‍സിപ്പലായിരുന്നു ഭയ്യയുടെ അച്ഛന്‍. വടക്കേ ഇന്ത്യക്കാരാണ്.
പിതാവു പെന്‍ഷന്‍ പറ്റി അവരെല്ലാം നാട്ടിലേക്കു പോയപ്പോഴും ഗുരുനിത്യയുടെ ഗുരുകുലം വിട്ടു പോകാന്‍ വിനോദിനായില്ല. മുന്പു മലയാളം തീരെ പരിചയമില്ലായിരുന്നു. ഇരുപതു കൊല്ലം മുന്പു കണ്ടപ്പോള്‍ ഭയ്യക്കു നാല്‍പ്പത്തഞ്ച് വയസ്സ്. താടിയും മുടിയും നരച്ചെങ്കിലും ആ മുഖത്തെ തേജസ്സിനു മങ്ങലില്ല. ഭയ്യയെക്കുറിച്ചു ഞാന്‍ പറഞ്ഞു നിര്‍ത്തി.

ഡോ.അനീന്‍ വാഹനത്തിന്റെ വേഗത കൂട്ടി.ദീപയും മക്കളും,നീത ടീച്ചറും ഞങ്ങള്‍ മൂവരുമടങ്ങുന്ന സംഘം അങ്ങകലെ കാണുന്ന നാരായണ ഗുരുകുലത്തിലേക്ക് വീണ്ടും നോക്കി. ഞാന് ഗുരുവിന്റെ ‘നിത്യ ചൈതന്യ ഗീതങ്ങള്‍’ എന്ന പുസ്തകം കയ്യിലെടുത്തു. കവിതകളാണ്. അവസാനത്തെ കവിത

ആനന്ദമാനന്ദമീ ലഹരി
സാനന്ദമാനന്ദമീ ലഹരി
മാനവ സൌഭാഗ്യസദ്ഗുരുവിന്
ആനന്ദഗീതം ഞാന് പാടിടട്ടെ

മാനവരൊന്നെന്ന സത്യഗീതം
ആദ്യം ശ്രവിച്ചതരുവിപ്പുറം
പിന്നതു കേട്ടു ശിവഗിരിയില്‍
ഇപ്പോള്‍ മുഖരിതം ലോകമാകെ

ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണ് നമ്മുടെ ആകെ ഭുമി
ഒന്നായി പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍.