Friday, September 21, 2012

ശിർവാണിയിൽ പോകാം.



                                                   കണ്ണൻ ബാബുവിന്റെ മകൾ പൊന്നുവിനൊപ്പം





മുക്കൊരു യാത്ര പോയാലോഎന്ന് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണു സുഭാഷ് ചേട്ടൻ ചോദിച്ചത്. മറ്റന്നാൾ റംസാനാണ്. നാളെ പോകാം. രണ്ടു ദിവസത്തേയ്ക്കു മാത്രം. തീരുമാനം പെട്ടെന്നായിരുന്നു. എവിടെ പോകണമെന്നായി, അടുത്ത ചർച്ച. മലമ്പുഴയിലെ പഞ്ചായത്തു പ്രസിഡന്റായിരുന്ന കണ്ണദാസ് ഒരിക്കൽ ശിർവാണിയെക്കുറിച്ച് പറഞ്ഞത് ഓർമ്മവന്നു. “ചേച്ചിയും ചേട്ടനും സമയം കണ്ടെത്തിയാൽ മതി. നല്ല സ്ഥലമാണ്. സ്വസ്ഥമായി താമസിക്കാൻ പറ്റിയ സ്ഥലം. ”


കണ്ണദാസിനെ വിളിച്ച് വഴിയൊക്കെ ചോദിച്ചു.“ റംസാൻ ആയതിനാൽ തിരക്കു കാണും, വിളിച്ചു ചോദിച്ച്, താമസസൌകര്യം ഉറപ്പാക്കണം”, എന്നൊക്കെ കണ്ണദാസ് പറഞ്ഞതിനാൽ മുൻ കൂട്ടി അനുവാദം വാങ്ങാൻ കഴിഞ്ഞു. സഹയാത്രികരായി കുടുംബ സുഹൃത്തുക്കളായ ബാബു, ബേസിൽ, ബാബുവിന്റെ ഭാര്യ അധ്യാപികയായ റോസമ്മ, മക്കൾ ബോണി, പിങ്കി, പൊന്നു എന്നിവരും.

ബാബുവിന്റെ ഇന്നോവയിൽ കോട്ടയത്തു നിന്നും ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ടു. മൂവാറ്റുപുഴ, അങ്കമാലി, വഴി പീച്ചിയിലെത്തിയപ്പോൾ രാത്രി എട്ടരമണി കഴിഞ്ഞു. ബാബുവിന്റെ ബിസിനസ്സ് സുഹൃത്തായ വർഗീസ് ചേട്ടനും കുടുംബവും ഞങ്ങൾക്ക് ഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു. ഞാനും സുഭാഷ് ചേട്ടനും റംസാൻ നോമ്പ് ഇക്കുറിയും  പൂർത്തിയാക്കിയതിന്റെ സംതൃപ്തിയിലായിരുന്നു. ഭക്ഷണവും വർത്തമാനവുമൊക്കെ കഴിഞ്ഞപ്പോളാണറിയുന്നത്, തൊട്ടടുത്ത പാസ്റ്ററൽ സെന്ററിൽ വർഗീസ് ചേട്ടൻ ഞങ്ങൾക്കെല്ലാവർക്കുമുള്ള കിടപ്പുമുറികൾ ഏർപ്പാടു ചെയ്തെന്ന്. രാവിലത്തെ ഭക്ഷണം അവരുടെ വീട്ടിൽ ഏഴുമണിക്കേ റെഡി. കൊച്ചു കുടുംബത്തിന്റെ സ്നേഹവും നന്മയും തൊട്ടറിഞ്ഞ്, ഞങ്ങൾ ഉടൻ തന്നെ യാത്ര തുടർന്നു.

പാലക്കാട്ടേയ്ക്കു പ്രവേശിച്ചപ്പോഴാണ് ശിർവാണിയുടെ പ്രത്യേകതകളോർത്തത്. ഒറ്റപ്പെട്ട പ്രദേശമാണ്. കാട്ടിനകത്തെ ഗസ്റ്റ് ഹൌസിൽ ഭക്ഷണം ലഭ്യമല്ല. പുറത്തുനിന്നും ചെല്ലുന്നവർക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യമുണ്ട്. കാട്ടിനുള്ളിൽ നിന്നും , എന്തെങ്കിലും വാങ്ങാനായി കിലോമീറ്ററുകളോളം സഞ്ചരിയ്ക്കേണ്ടി വരും. ഒരു ദിവസത്തെ താമസമേ ഉദ്ദേശിച്ചുള്ളൂ , എങ്കിലും മൂന്നു നാലു നേരത്തെ ഭക്ഷണം വേണം. നഗരത്തിലെത്തിയപ്പോൾ ഒരു കൊച്ചു ചായക്കടയിൽ കയറി നല്ല ഒന്നാം തരം ചായയും പരിപ്പു വടയും കഴിച്ചു. ഞാനും റോസമ്മയും ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി. “ അമ്മേ ചിക്കൻകണ്ണൻ വിളിച്ചു പറഞ്ഞതു കേട്ട് ബാബുവും ബേസിലും, അതും വാങ്ങി. അരി, പാല്, മുട്ട,പച്ചക്കറി, പഴം.. തുടങ്ങി, വേണ്ടതെല്ലാം വാങ്ങി വരുന്ന ഞങ്ങളെക്കണ്ട് ബാബുവിന്റെ മകൻ ഡിഗ്രീ വിദ്യാർത്ഥിയായ ബോണിഅമ്മയും ലതികാന്റീം ഇതെന്നാ ശിർവാണിയിൽ സ്ഥിരതാമസത്തിനു പോകുവാണോ?” അന്നവിചാരം മുന്നവിചാരം എന്ന പ്രമാണത്തിലുറച്ചു  നിന്നുകൊണ്ട്, ഞാനും റോസമ്മയും എന്തെങ്കിലും വിട്ടു പോയോ എന്ന് ചിന്തിക്കുകയായിരുന്നു.




പാലക്കാട്-കോഴിക്കോട് ഹൈവേയിലൂടെ വേണം ഞങ്ങൾക്കു പോവാൻ. പാലക്കാട്ടു നിന്നും നാല്പത്തിയെട്ടു കിലോമീറ്റർ യാത്ര ചെയ്യണം . ഹൈവേയിലൂടെ ഇടക്കുറിശ്ശിയിലെത്തിയാൽ പാലക്കയം വഴി ശിർവാണി ഡാമിലെത്താം. മനുഷ്യ വാസമുള്ള സ്ഥലങ്ങൾ കുറഞ്ഞു വരുന്നു. വളഞ്ഞു പുളഞ്ഞ പാതയുടെ ഇരു വശങ്ങളിലും വൃക്ഷക്കൂട്ടങ്ങളുടെ ഇരുളിമ. കൂറച്ചുകൂടി മുന്നോട്ടു പോയപ്പോൾ അന്തരീക്ഷത്തിനു മാറ്റം വന്നു തുടങ്ങി. തണുപ്പ് കൂടിക്കൂടി വന്നു. ഇരു വശത്തും നിബിഢ വനങ്ങൾ. ഹെയർപിൻ വളവുകൾ. അതാ മൂടൽ മഞ്ഞ് എല്ലാറ്റിനെയും മറയ്ക്കുന്നു.




ഏതായാലും നമുക്കിവിടെയിറങ്ങി മഞ്ഞിത്തിരി കൊള്ളാം.”ബാബു പറഞ്ഞു. കുട്ടികൾക്കും സന്തോഷം . ഞങ്ങൾ കുറച്ചു സമയം മൂടൽമഞ്ഞ് പായുന്നതും നോക്കി വഴിയോരത്തിരുപ്പായി. കാട്ടു പാതയിലൂടെ ആരും യാത്ര ചെയ്യുന്നില്ല. ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രം. വാഹനങ്ങളുടെ ഇരമ്പലില്ല. പുക പടലങ്ങലില്ല. കാട്ടരുവികളുടെ കളകളാരവവും കാടിന്റെ സംഗീതവും മാത്രം. അങ്ങകലെ മലമുകലിൽനിന്നും വെള്ളി വരകൾ പോലെ ചെറിയ ചെറിയ അരുവികൾ.


ഇനി ചെക്ക് പോസ്റ്റിലേയ്ക്ക്  അധിക ദൂരമുണ്ടാവില്ല ”. യാത്ര വീണ്ടും തുടങ്ങിയപ്പോൾ കിലോമീറ്റർ നോക്കി ബാബു പറഞ്ഞു. ശരിയാണ്. രണ്ടുമൂന്നു കിലോമീറ്റർ പിന്നിട്ടപ്പോൾ ഞങ്ങൾ ശിങ്കപ്പാറയിലെത്തി. ചെക്ക് പോസ്റ്റ് ഇവിടെയാണ്. കോയമ്പത്തൂരുനിന്നും വനപാതയിലൂടെ ശിർവാണിയിൽ എത്തുമ്പോൾ അപ്പുറത്തും ചെക്ക് പോസ്റ്റുണ്ട്. കോയമ്പത്തൂരു നിന്നും നാല്പത്തെട്ടു കിലോമീറ്റർ ദൂരമേ ശിർവാണിയിലേയ്ക്കുള്ളൂ. കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ആവശ്യമായ ശുദ്ധജലം ശിർവാണിയിൽ നിന്നാണു കൊടുക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ നിർമ്മിച്ചു നൽകിയ ശുദ്ധജല തടാകമാണു ശിർവാണി. മണ്ണാർക്കാട്ടു താലൂക്കിലെ ഷോളയൂർ പഞ്ചായത്തിലാണ് ശിർവാണി. അപാര സൌന്ദര്യമുള്ള ഡാമാണ് ശിർവാണി. ഇടതൂർന്ന വനങ്ങളും കാട്ടരുവികളുമുള്ള പശ്ചാത്തലമാണ്, ശിർവാണിയ്ക്കുള്ളത്. മുതുവർ വിഭാഗത്തിലും ഇരുളർ വിഭാഗത്തിലും ഉള്ള ആദിവാസികളാണ് പരിസരത്തെ താമസക്കാരിലധികവും.


ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി , മുന്നോട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചപ്പോൾ തൊട്ടടുത്തുള്ള പുഴയുടെ ആരവം കേട്ടു. കുട്ടികൾ അങ്ങോട്ടേയ്ക്കോടി. ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുഅട്ടയുണ്ട്, സൂക്ഷിക്കണം.” ഞങ്ങളെല്ലാവരും ചെറിയ കാട്ടരുവിയിലെ പാറക്കെട്ടുകളിൽ തല്ലിച്ചിതറുന്ന തണുത്ത വെള്ളമെടുത്ത് , കാലും മുഖവുമൊക്കെ കഴുകി, അവിടെയും കുറച്ചുനേരമിരുന്നു. തിരിച്ചു കയറുമ്പോൾ ആദ്യമായി അട്ടകടി കിട്ടിയതിന്റെ ത്രില്ലിലായിരുന്നു, പലരും.





ഡാമിലേയ്ക്ക് ഇനിയും കുറച്ചു ദൂരമുണ്ട്. ചെക്ക് പോസ്റ്റിൽ നിന്നും ഒരു ആദിവാസി യുവാവിനെ ഞങ്ങൾക്കു വഴികാട്ടാനായി പറഞ്ഞയച്ചു. ഗസ്റ്റ് ഹൌസിലേയ്ക്കാണ് ഞങ്ങൾ പോയത്. വഴിയ്ക്ക് ശിർവാണി ഡാമിന്റെ ദൃശ്യങ്ങൾ കണ്ടു. കേരളാ പൊലീസിന്റെ വാച്ച് ടവറിനടുത്ത്, ഒന്നു രണ്ടു പൊലീസുകാരെ കണ്ടു. അവരുടെ താമസവും അവിടെത്തന്നെ. ഞങ്ങളുടെയെല്ലാം മൊബൈൽ ഫോണുകൾ ചിലച്ചിട്ട് ഒരുപാടു നേരമായിരുന്നു. റെയ്ഞ്ച് പോയിരിക്കുന്നു.




                                                     പാട്ടിയാർ ബംഗ്ലാവ്
                                                  

ഞങ്ങൾ ഗസ്റ്റ് ഹൌസിലേയ്ക്ക് എത്തി. ‘ പാട്ടിയാർ ബംഗ്ലാവ്എന്നാണീ അതിഥി മന്ദിരം അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ചെറുതെങ്കിലും മനോഹരമായ വീട്. ഞങ്ങൾ കയറി വന്നത് പിൻഭാഗത്തുകൂടിയാണ്. മറ്റ് മൂന്നു വശങ്ങളും തടാകത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റം മധുരമുള്ള ജലാശയങ്ങളിൽ രണ്ടാം സ്ഥാനമാണു ശിർവാണിക്ക് എന്നു പറഞ്ഞതിൽ അതിശയോക്തിയില്ല. നല്ല കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളത്താൽ ചുറ്റപ്പെട്ട ഒരിടത്താണു ഞങ്ങൾ എത്തിയിരിക്കുന്നത്. വീടിനു പിന്നിൽ ഒരു അടുക്കളപ്പുര . ബംഗ്ലാവിൽ രണ്ടേ രണ്ടു കിടപ്പുമുറികൾ മാത്രം. വലിയമുറികളും അനുബന്ധമായുള്ള റ്റോയ് ലറ്റുകളും, വിശാലവും വെടിപ്പുള്ളതുമായിരുന്നു. കിടപ്പുമുറികൾക്കിടയിൽ ഒരു ഊണുമുറി, പിന്നിൽ  ഒരു കൊച്ച് അടുക്കള. അടുക്കളയിൽ ഗ്യാസ് സ്റ്റൌ, പാചകത്തിനാവശ്യമായ പാത്രങ്ങൾ എല്ലാമുണ്ട്.

ഞങ്ങൾ വന്നു കയറിയപ്പോൾ അതുവരെി അവിടെ താമസിച്ചിരുന്ന തമിഴ് നാട്ടിലെ നാലഞ്ച് ഉദ്യോഗസ്ഥന്മാർ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. വെളിയിലെ വലിയ അടുക്കളയിൽ ആയിരുന്നു, അവരുടെ പാചകം. ഞങ്ങൾക്കു വേണ്ടി അവർ വേഗം അടുക്കളയും ഒഴിഞ്ഞു തന്നു. ഞാനും റോസമ്മയും കൂടി രണ്ടടുക്കളകളിലായി വേഗം പച്ചരിച്ചോറും തോരനും ഓംലറ്റും ഉണ്ടാക്കി. പപ്പടം കാച്ചി. വീട്ടിൽ നിന്നും കൊണ്ടുവന്ന അച്ചാറും തൈരും കൂടിയായപ്പോൾ തണുത്ത് , വിശന്നിരുന്ന ഞങ്ങൾക്കെല്ലാം ഊണ് ബഹു കേമമായിത്തോന്നി. വരാന്തയിലിരുന്ന്, തടാകത്തിലേയ്ക്കു നോക്കിക്കൊണ്ട്, ഒരുപാടു ചോറുണ്ടു ഞങ്ങളെല്ലാവരും.



                                                      കേരളാ മേട്
   
   എല്ലാവരും വിശ്രമിക്കുമ്പോൾ ഞാനും റോസമ്മയും വൈകുന്നേരത്തേയ്ക്കുള്ള ഭക്ഷണത്തിന്റെ ജോലി തീർത്തു. ചായ കുടിച്ച് , വേഗം പുറത്തിറങ്ങി. കാടും മേടുമാണു ലക്ഷ്യം.ആദ്യം കുറച്ചകലെയുള്ള വിശാലമായ പുൽമേട്ടിലേയ്ക്ക്. വണ്ടിയിൽനിന്നുമിറങ്ങി എല്ലാവരും പുൽമേട്ടിലേക്കു പ്രവേശിച്ചു. അതൊരു ചെറിയ കുന്നായിരുന്നു. മെത്തപോലെ കിടക്കുന്ന പുൽച്ചെടികൾ. അതിനിടയിൽ അധികം പൊക്കമില്ലാത്ത ഔഷധ സസ്യങ്ങളും മറ്റും. അത്യപൂർവമായ ഔഷധ സസ്യങ്ങളെക്കൊണ്ടു സമ്പന്നമാണത്രേപാട്ടിയാർ ബംഗ്ലാവ്എന്ന് അറിയപ്പെടുന്ന മൊട്ടക്കുന്ന്. കുട്ടികൾ ഓടിക്കളിച്ചും ഒച്ചയുണ്ടാക്കിയും കുന്നിൻപുറത്തേയ്ക്ക് ഓടിക്കയറിയുമിറങ്ങിയും ആസ്വദിക്കുന്നുണ്ടായിരുന്നു. ആന പോകുന്ന വഴിച്ചാലുകൾ കണ്ടത് എല്ലാവരിലുംആനപ്രതീക്ഷയുണ്ടാക്കി’. അതിശക്തമായ കാറ്റുണ്ടായിരുന്നു കേരളാമേട്ടിൽ. സമയം പോയതറിഞ്ഞില്ല. പുൽമേട്ടിൽ നിന്നാൽ കാട്ടിലെ കാഴ്ചകൾ നഷ്ടമാകും.






കാട്ടിൽ എല്ലാ തരം മൃഗങ്ങളുമുണ്ടെന്നാണ് അവിടത്തെ ഉദ്യോഗസ്ഥന്മാരും ബംഗ്ലാവിലുണ്ടായിരുന്ന സഹായികളും പറഞ്ഞത്. രാജവെമ്പാല അടക്കമുള്ള പാമ്പുകളും ഇവിടെ സുലഭമാണത്രെ. ഏറെ പ്രതീക്ഷയോടെ ബാബുവിന്റെ ഇന്നോവ, മെല്ലെ മെല്ലെ കാട്ടുപാതയിലൂടെ ഒരുപാടു സഞ്ചരിച്ചെങ്കിലും ഒരുപറ്റം മാനുകളും ഒരു കാട്ടുപോത്തും ഒഴിച്ച് മറ്റുള്ളവയെല്ലാം എവിടെയോ ഒളിച്ചു. ആനയെ ഉറപ്പായി കാണുമെന്ന് ഞങ്ങൾ കുട്ടിസംഘത്തിന് ഉറപ്പ്  കൊടുത്തെങ്കിലും ഞങ്ങളുടെ ദൃഷ്ടിയിൽ പെടാൻ ഗജവീരന്മാരാരും എത്തിയില്ല. ഇവിടെ ഉണ്ട് എന്നു പറയപ്പെടുന്ന സിംഹവാലൻ കുരങ്ങുകളും ആനയും പുലിയുമൊക്കെ ഞങ്ങളുടെ വിളിപ്പാടകലെയുണ്ടല്ലോ എന്നോർത്ത് ഞങ്ങൾ ബംഗ്ലാവിലേയ്ക്കു മടങ്ങി.

മഴക്കാറുണ്ടായിരുന്നു. മഴ കിട്ടുന്ന സ്ഥലമാണത്രേ ശിർവാണി. ബംഗ്ലാവിൽ വൈദ്യുതി വിളക്കുകളില്ല. സൌരോർജ്ജം കൊണ്ടു കത്തുന്ന കൊച്ചു വിളക്കുകൾ. കുടുംബ പ്രാർഥന മുടക്കാത്ത ബാബുവിന്റെ കുടുംബത്തിനൊപ്പം ഞങ്ങളും നിശ്ശബ്ദം പ്രാർത്ഥിച്ചു. അവരുടെമക്കൾ ക്രൈസ്തവാചാരപ്രകാരമുള്ള സ്തുതി ഞങ്ങൾക്കും തന്നു.
വല്ലാത്തൊരു ആശ്വാസമായിരുന്നു, ഒരുപാടു സന്തോഷവും.ദൈവത്തിനു നന്ദി. ഭക്ഷണം കഴിഞ്ഞ് രാവേറെച്ചെല്ലും വരെ ഞങ്ങളെല്ലാവരും ബംഗ്ലാവിന്റെ വരാന്തയിലിരുന്നു. ബാബുവിന്റെ കൊച്ചുമോൾ , പൊന്നു, കഥ പറഞ്ഞു. പിങ്കി, ഇംഗ്ലീഷ് കവിത ചൊല്ലി. കണ്ണനും ബോണിയും പിന്നെ പിന്നെ എല്ലാവരും പാട്ടു പാടി.

വൈകിക്കിടന്നെങ്കിലും ശിർവാണിയിൽ കിഴക്ക് വെള്ളകീറുന്നത് കാണുന്നതിനായി ,ർന്നവർ നേരത്തെ എഴുന്നേറ്റ്, കുഞ്ഞുങ്ങളെയും  വിളിച്ചുണർത്തി. എല്ലാവരും കണ്ണുതിരുമ്മി നീങ്ങിയത്, വരാന്തയിലേയ്ക്കു തന്നെ. മഞ്ഞിൽക്കുളിച്ച തടാകവും മലനിരകളും ഇളംകാടും തണുത്തു വിറച്ച്, കെട്ടിപ്പിടിച്ചു നിൽക്കുകയാണ്. “പ്രകൃതിയുടെ എല്ലാ സൌന്ദര്യവും വാരിക്കോരിക്കൊടുത്തതിവിടെയോ?” ധ്യാനിച്ചങ്ങനെ ഇരുന്നു പോയി, ഞാനും. നിന്നാൽ ഇങ്ങനെ നിന്നു പോകും.














മടക്കയാത്രക്കായുള്ള മണി മുഴങ്ങിയതുപോലെ എല്ലാവരും മുറികളിലേയ്ക്ക് മടങ്ങി. പ്രഭാത ഭക്ഷണം കഴിഞ്ഞ് , പാട്ടിയാർ ബംഗ്ലാവിന്റെ പടിയിറങ്ങി. ഞങ്ങളുടെ വാഹനം നീങ്ങുമ്പോൾ രാവിലെ എട്ടുമണി ആയതെയുള്ളൂ. സന്തോഷപ്രദമായ കാലാവസ്ഥയും. എങ്കിലും, ശിർവാണിയിൽ താമസിച്ചു കൊതിതീരാത്തതിലുള്ള നിരാശയോടെയാണ് ഞങ്ങൾ ദൈനം ദിന പ്രാരബ്ധങ്ങളിലേയ്ക്കുള്ള  മടക്കയാത്ര തുടങ്ങിയത്.

5 comments:

Lathika subhash said...

ശിർവാണിയിൽ പോയി വന്നിട്ട്, കൊല്ലം ഒന്നാകാറായി. എഴുതി പോസ്റ്റ് ചെയ്തതിപ്പോൾ. മതിയായില്ല, ഇനിയും പോകണം ശിർവാണിയിൽ. ഈ ചിത്രങ്ങൾ ബാബുവിന്റെ മകൻ ബോണിയും, കണ്ണനും എടുത്തത്

വെഞ്ഞാറന്‍ said...

നല്ല യാത്രാവിവരണം. (ചിത്രങ്ങൾ അത്ര പൂടിച്ചില്ല!) ശിരുവാണി എന്റെ സ്വപ്നമാണ്. ഈ പോസ്റ്റിൽ ഞാനാണല്ലോ ആദ്യം കമന്റുന്നത് എന്നോർത്തിട്ട്....

krishnakumar513 said...

മനോഹരമായ വിവരണം,ചിത്രങ്ങള്‍ കുറച്ച്കൂടി വലുതായിരുന്നെങ്കില്‍ !!!

Manickethaar said...

നല്ല യാത്രാവിവരണം.

Anonymous said...

Good